സീറോ ഉണ്ണി എന്ന ശ്രീകുമാരനുണ്ണി, രാജേഷ് വേലച്ചേരി, ഇമോദ് രാജ് മോഹനമണി, ജെറോയ് ജോസഫ്, മിഥുൻ കൃഷ്ണ, അസീം കാട്ടാളി… സിരകളിൽ നിറയെ അനിമേഷൻ കൊണ്ടുനടക്കുന്ന ആറു ചെറുപ്പക്കാർ; അനിമേഷൻ രംഗത്ത് ഫ്രീലാൻസ് ജോലികളുമായി കഴിഞ്ഞിരുന്നവർ. സി-ഡിറ്റിൽനിന്ന് ഒരു ഇ-ലേണിങ് പദ്ധതിക്കുവേണ്ടി അനിമേഷൻ ഒരുക്കിക്കൊടുക്കാനുള്ള വർക്ക് വന്നതോടെ അവർ ആറുപേരും ചേർന്ന് ഒരു സംരംഭത്തിന് രൂപംനൽകി. അതിന്റെ പേര് ‘യുനോയൻസ്’. ‘മനോഹരമായ ചിന്ത’ എന്നാണ് ‘യുനോയ’ എന്ന ഗ്രീക്ക് വാക്കിന്റെ അർഥം.
ആറുപേരും അതുവരെയുള്ള സമ്പാദ്യം മുഴുവൻ മൂലധനമാക്കി. സഹായവുമായി ഏതാനും സുഹൃത്തുകളുമെത്തി. അങ്ങനെ അതൊരു ബിസിനസ് സംരംഭമായി. ഈ വർഷം 10 വയസ്സ് പൂർത്തിയാക്കുകയാണ് ‘യുനോയൻസ് സ്റ്റുഡിയോ’ (eunoians.com) എന്ന ഈ അനിമേഷൻ സ്റ്റാർട്ടപ്പ്. ഇതിനോടകം അഞ്ഞൂറിലധികം പ്രോജക്ടുകൾ കമ്പനി പൂർത്തിയാക്കി. ഗൂഗിൾ പേ, ലോകാരോഗ്യ സംഘടന, വേൾഡ് വൈഡ് ഫെഡറേഷൻ, ബോഷ് എന്നിവയുടെ അനിമേഷൻ വീഡിയോകൾ അതിൽപ്പെടുന്നു. കേരളത്തിലെ ബ്രാൻഡുകൾക്കുവേണ്ടിയും അനിമേഷൻ ചിത്രങ്ങൾ ഒരുക്കി..
ഒരു സംരംഭത്തെക്കുറിച്ചോ, അതിന്റെ ഉത്പന്നത്തെക്കുറിച്ചോ അനിമേഷന്റെ സഹായത്തോടെ എളുപ്പത്തിൽ വിശദീകരിക്കുന്ന ‘എക്സ്‌പ്ലെയ്‌നർ വീഡിയോ’കൾ ഒരുക്കിയാണ് ‘യുനോയൻസ്’ ശ്രദ്ധേയരായത്. ടെക്നോളജി മേഖലയുടെയും സ്റ്റാർട്ടപ്പുകളുടെയും മുന്നേറ്റം കമ്പനിയുടെ വളർച്ചയ്ക്ക് ഊർജമായി. അതിൽത്തന്നെ ഫിൻടെക്കും ഹെൽത്ത് ടെക്കും വലിയ പിന്തുണ നൽകിയതായി യുനോയൻസ് കോ-ഫൗണ്ടർ അസീം കാട്ടാളി പറയുന്നു……